ലണ്ടൻ: ക്രിക്കറ്റിന്റെ മക്കയായ ലോർഡ്സിൽ നടക്കുന്ന ഇംഗ്ലണ്ട് - ന്യൂസിലൻഡ് ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. ഇംഗ്ലണ്ട് ഉയർത്തിയ 254 റൺസിന് മറുപടി പറയുന്ന കിവീസ് രണ്ടാം ഇന്നിംഗ്സിൽ മൂന്നുവിക്കറ്റ് നഷ്ടത്തിൽ 36 റൺസ് എന്ന നിലയിലാണ്.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് ഒന്നാം ഇന്നിംഗ്സിൽ 140 റൺസ് മാത്രമാണ് നേടാനായത്. എന്നാൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലൻഡിന്റെ അവസ്ഥ ഇതിലും ദയനീയമായിരുന്നു. 113 റൺസിന് എല്ലാവരും പുറത്തായി. ഇതോടെ ഇംഗ്ലണ്ട് 27 റൺസിന്റെ നിർണായക ലീഡ് സ്വന്തമാക്കി.
അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഒല്ലി റോബിൻസണും മൂന്ന് വിക്കറ്റ് നേടിയ ജോഷ് ടങ്ങുമാണ് കിവികളുടെ നടുവൊടിച്ചത്. 27 റൺസിന്റെ ലീഡുമായി രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച ഇംഗ്ലണ്ട് 226 റൺസിന് പുറത്തായി. അർധസെഞ്ചുറി നേടിയ എമിലിയോ ഗേയുടെ (57) ബാറ്റിംഗ് മികവാണ് അവർക്ക് തുണയായത്. ആറ് വിക്കറ്റുകൾ നേടിയ നഥാൻ സ്മിത്താണ് ഇംഗ്ലണ്ടിന്റെ കുതിപ്പിനെ തടഞ്ഞുനിർത്തിയത്.
ഒന്നാം ഇന്നിംഗ്സിലെ ലീഡ് ഉൾപ്പെടെ 254 റൺസിന്റെ വിജയലക്ഷ്യമാണ് ഇംഗ്ലണ്ട് കിവികൾക്ക് മുന്നിൽ ഉയർത്തിയത്. എന്നാൽ മറുപടി ബാറ്റിംഗ് തുടങ്ങിയ ന്യൂസിലൻഡിന് തുടക്കത്തിൽ തന്നെ മൂന്നു വിക്കറ്റുകൾ നഷ്ടമായത് തിരിച്ചടിയായി.